X-Steel - Wait

2012, ഏപ്രിൽ 4, ബുധനാഴ്‌ച

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ : ആദ്യ ജയം മുംബൈ ഇന്ത്യന്‍സിന്‌

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 അഞ്ചാമത്‌ സീസണിലെ ആദ്യ ജയം മുംബൈ ഇന്ത്യന്‍സിന്‌. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ എട്ടു വിക്കറ്റിനാണ്‌ അവര്‍ തോല്‍പ്പിച്ചത്‌. ചെന്നൈ മുന്നോട്ടു വച്ച 113 റണ്‍സിന്റെ വിജയലക്ഷ്യം 19 പന്തുകള്‍ ശേഷിക്കെ മുംബൈ മറികടന്നു. മുംബൈക്കു റിച്ചാഡ്‌ ലെവിയും സച്ചിന്‍ തെണ്ടുല്‍ക്കറും മികച്ച തുടക്കം നല്‍കി. ലെവി 35 പന്തില്‍ മൂന്നു സിക്‌സറും ആറു ഫോറുമടക്കം 50 റണ്‍സെടുത്ത്‌ അഞ്ചാമത്‌ സീസണിലെ ആദ്യ അര്‍ധ സെഞ്ചുറിക്ക്‌ ഉടമയായി. 15 പന്തില്‍ 16 റണ്‍സെടുത്ത സച്ചിന്‍ വിരലിനു പരുക്കേറ്റതിനെ തുടര്‍ന്നു ബാറ്റിംഗ്‌ മതിയാക്കി മടങ്ങി. ലെവിയും സച്ചിനും ചേര്‍ന്ന്‌ 69 റണ്‍സെടുത്തിരുന്നു. രോഹിത്‌ ശര്‍മയെ പൂജ്യത്തിനു പുറത്താക്കാനായെങ്കിലും സൂപ്പര്‍ കിംഗ്‌സിന്‌ മത്സരത്തില്‍ ആധിപത്യം പുലര്‍ത്താനായില്ല.

ജെയിംസ്‌ ഫ്രാങ്ക്‌ളിനും (30 പന്തില്‍ 25) അമ്പാട്ടി റായിഡുവും (18 പന്തില്‍ 18 ) പുറത്താകാതെനിന്നു. ആദ്യം ബാറ്റ്‌ ചെയ്‌ത സൂപ്പര്‍ കിംഗ്‌സ് 19.5 ഓവറില്‍ 112 റണ്‍സിന്‌ ഓള്‍ഔട്ടായി. ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ്‌ നേടിയ മുംബൈ നായകന്‍ ചെന്നൈയെ ബാറ്റിംഗിനു വിടുകയായിരുന്നു. ഹര്‍ഭജന്റെ തീരുമാനത്തില്‍ നെറ്റി ചുളിച്ചവര്‍ ആദ്യ ഓവറില്‍ തന്നെ പശ്‌ചാത്തപിച്ചു. ഓപ്പണര്‍ ഫാഫ്‌ ഡു പ്ലെസിസിനെ നാലാമത്തെ പന്തില്‍ തന്നെ അമ്പാട്ടി റായിഡു റണ്ണൗട്ടാക്കി. സഹ ഓപ്പണര്‍ മുരളി വിജയ്‌ക്കും പിടിച്ചു നില്‍ക്കാനായില്ല. 10 റണ്‍സെടുത്ത മുരളിയെ ജെയിംസ്‌ ഫ്രാങ്ക്‌ളിന്‍ ഹര്‍ഭജന്റെ കൈയിലെത്തിച്ചു. സുരേഷ്‌ റെയ്‌ന (26 പന്തില്‍ 36), ഡ്വെയ്‌ന്‍ ബ്രാവോ (19 പന്തില്‍ 19) എന്നിവര്‍ ക്രീസിലെത്തിയതോടെയാണു ചെന്നൈ ആരാധകര്‍ക്കു ശ്വാസം നേരെ വീണത്‌. റെയ്‌നയെ പുറത്താക്കി പ്രഗ്യാന്‍ ഓജ കൂട്ടുകെട്ട്‌ പൊളിച്ചു. നായകന്‍ എം.എസ്‌. ധോണി (4), ആര്‍. അശ്വിന്‍ (3) എന്നിവര്‍ റണ്ണൗട്ടായത്‌ സൂപ്പര്‍ കിംഗ്‌സിന്‌ അപ്രതീക്ഷിത തിരിച്ചടിയായി. ഈ സീസണില്‍ ഏറ്റവും വിലപിടിച്ച താരമായ രവീന്ദ്ര ജഡേജ മൂന്നു റണ്ണുമായി മടങ്ങി. അഞ്ചു പന്തുകള്‍ നേരിട്ട ജഡേജയെ ലസിത്‌ മലിംഗ ബൗള്‍ഡാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ