X-Steel - Wait
new malayalam stories എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
new malayalam stories എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 മാർച്ച് 26, തിങ്കളാഴ്‌ച

കാര്‍മേഘത്തിന്‍റ കാരുണ്യം

കാര്‍മേഘത്തിന്‍റ കാരുണ്യം


അപ്പുപ്പന്‍താടിപോലെ  രണ്ടു കുഞ്ഞു  വെള്ളി  മേഘത്തുണ്ടുകള്‍ ആകാശത്തുകൂടി കളിച്ചു രസിച്ച് ഒഴുകി പോകുകയായിരുന്നു.അപ്പോളതുവഴി ഒരു
കാര്‍മേഘത്തുണ്ട് ഒരുപാടു വേഗത്തില്‍ ഓടി പോകുന്നതു കണ്ടു. ഇതുകണ്ടുകൊണ്ട് വെള്ളി മേഘങ്ങള്‍ ചോദിച്ചു. കാര്‍മേഘമേ നീ എന്താ ഇങ്ങനെ പാഞ്ഞു പോകുന്നത്.
 ഇത്തിരിനേരം ഞങ്ങളുടെ കൂടെ നിന്ന് കളിച്ചിട്ടു പോകാം.   അപ്പോള്‍ കാര്‍മേഘം അവരോടു പറഞ്ഞു. എനിയ്ക്ക് ഒട്ടും നില്‍ക്കുവാന്‍ സമയമില്ല ചങ്ങാതിമാരെ .അപ്പോള്‍ വെള്ളി മേഘത്തുണ്ടുകള്‍ രണ്ടുപേരും കൂടി കാര്‍മേഘത്തിനോടു ചോദിച്ചു . അതെന്താ അങ്ങിനെ. അപ്പോള്‍ കാര്‍മേഘം മറുപടി പറഞ്ഞു.അതോ അത് എന്നെ കടലമ്മ ഒരു ജോലി ഏല്‍പ്പിച്ചു വിട്ടിരിക്കുകയാണ്. ഓഹോ അതെന്താ ആ ജോലി. മറ്റെ മേഘങ്ങളാകാംക്ഷയോടെ ചോദിച്ചു. കാര്‍മേഘം മറുപടി പറഞ്ഞു. നിങ്ങള്‍ താഴോട്ടു. നോക്കൂ. ഭൂമിയിലെ വയലുകളെല്ലാം വരണ്ട് വിണ്ടു കീറി കിടക്കുന്നതു കണ്ടില്ലേ.... കുളങ്ങളും കിണറുകളും എല്ലാം വറ്റി വരണ്ടു കിടക്കുന്നതു കണ്ടില്ലേ...ചെടികളെല്ലാം ഉണങ്ങി കരിഞ്ഞു നില്‍ക്കുന്നതു കണ്ടില്ലേ.. നദികള് വറ്റി മണ്ണ് മാത്രമായിട്ടിരിക്കുന്നതു കണ്ടില്ലേ... വേഴാമ്പല് വായും പൊളിച്ച് ദാഹിച്ചു മുകളിലോട്ടു നോക്കി തപസ്സു ചെയ്യുന്നതു നിങ്ങള്‍ കാണുന്നില്ലേ.. അപ്പോളവര്‍ കാര്‍ മേഘത്തിനോടു പറഞ്ഞു. ഉണ്ട് ഉണ്ട് ഞങ്ങളും കാണുന്നുണ്ടല്ലോ ഇതൊക്കെ.അതുകൊണ്ട് നീ ഓടീട്ട് എന്തു കാര്യം അപ്പോള്‍ കാര്‍ മേഘം പറഞ്ഞു. എന്നെ കടലമ്മ ഒരു ജോലി ഏല്‍പ്പിച്ചെന്നു പറഞ്ഞില്ലേ.. എന്നില്‍ നിറയെ നീരാവിയാണ്. കടലമ്മ തന്നതാണ്. ഇത് ഓടിയോടി അങ്ങ് മുകളില്‍ ചെന്നു തണുക്കുമ്പോള് മഴത്തുള്ളിയായി മാറും. അതു താഴേക്കു വീണ് വെള്ളമാകുമ്പോള് കുളത്തിലും നദിയിലും കിണറിലും ഒക്കെ വെള്ളം കിട്ടും.. വായും പൊളിച്ചിരിക്കുന്ന വേഴാമ്പലിന്‍റ വായിലോട്ട് അതു വീഴുമ്പോളവന്‍റ ദാഹമെല്ലാം തീരും . ചെടികള്‍ക്കെല്ലാം പുതു നാമ്പുവരും.അപ്പോള്‍ വെള്ളി മേഘങ്ങളു വീണ്ടും പറഞ്ഞു. അയ്യോ ചങ്ങാതീ ഞങ്ങളോടും കടലമ്മ ഇതു പറഞ്ഞതാണ്. പക്ഷെ അപ്പോള്‍ വെള്ളമായിക്കഴിയുമ്പോള്‍ പിന്നെ നമ്മള്‍ മേഘങ്ങളങ്ങില്ലാതെ വരില്ലേ...അതുകൊണ്ട് ഞങ്ങളു പറഞ്ഞു ഞങ്ങള്‍ക്ക് ആ ജോലി വയ്യെന്ന്.
അപ്പോള്‍ കാര്‍മേഘം പറഞ്ഞു. നമ്മളില്ലാതായാലും നമ്മളു മുഖാന്തിരം ഭൂമിയ്ക്ക് എത്ര മാത്രം ഉപകാരമായി എന്ന് നിങ്ങളോര്‍ക്കാത്തതെന്തേ... അപ്പോള്‍ വെള്ളി മേഘത്തുണ്ടുകള്‍ കാര്‍ മേഘത്തിനോടു പറഞ്ഞു. ശരിയാണ് ചങ്ങാതീ.. നീ ഞങ്ങടെ കണ്ണു തുറപ്പിച്ചു. മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുന്ന നിന്നെപ്പോലെ ഞങ്ങളും കടലമ്മയുടെ അടുക്കല്‍ പോയി നീരാവി കൊണ്ടുവരാം. നീ ഓടിപ്പൊയ്ക്കോ. ഞങ്ങളും ദേ പുറകേ എത്തിക്കഴിഞ്ഞു. അതുപറഞ്ഞ് അവരും കളി മതിയാക്കി, കാര്‍മേഘത്തിനെ പ്പോലെ നീരാവിയും വഹിച്ച് കാര്‍മേഘമായി ഭൂമിയില്‍ മഴ പെയ്യിച്ചു.അങ്ങിനെ ഭൂമിയിലെ വരള്‍ച്ച എല്ലാം പോയി.

കുഞ്ഞാറ്റക്കുരുവിയും കുഞ്ഞുവാവയും

കുഞ്ഞാറ്റക്കുരുവിയും കുഞ്ഞുവാവയും



കുഞ്ഞാറ്റക്കുരുവി അതു വഴിപോയപ്പോളാണ് ആ വീടിന്‍റ തിണ്ണയിലിരുന്ന് കുഞ്ഞു വാവ കരയുന്നതു കണ്ടത്. കുഞ്ഞാറ്റക്കുരുവിയുടെ കൂട് കുഞ്ഞുവാവയുടെ വീടിന്‍റ മുറ്റത്തെ
കിളി മരത്തിലായിരുന്നു. കരുവിക്ക് മൂന്നു കുഞ്ഞുങ്ങളായിരുന്നു. കുരുവി കുഞ്ഞുങ്ങള്‍ക്ക് ആഹാരം തേടി പോയതായിരുന്നു. അപ്പോഴാണ് കുഞ്ഞുവാവ കരയുന്നതു കണ്ടത്.
എളുപ്പം തന്നെ കുഞ്ഞാറ്റക്കുരുവി കുഞ്ഞുവാവയുടെ അടുത്തുചെന്നിട്ടു് ഒന്നു വട്ടമിട്ടു പറന്നു. അപ്പോള്‍കുഞ്ഞുവാവ അതിശയത്തോടു കൂടി കുഞ്ഞാറ്റക്കുരുവിയെ നോക്കി.
കുഞ്ഞുവാവ കരച്ചിലും നിര്‍ത്തി.  കുഞ്ഞുവാവയോട് കുഞ്ഞാറ്റക്കുരുവി ചോദിച്ചു.കുഞ്ഞാവെ കുഞ്ഞാവേ എന്തിനാണു കരഞ്ഞത്.?അപ്പോള്‍കുഞ്ഞുവാവ കുരുവിയോടു പറഞ്ഞുഅതു കുഞ്ഞാറ്റക്കുരുവി ഞാനുറങ്ങിയെണീറ്റു വന്നപ്പോളെനിയ്ക്ക് ഭയങ്കര വിശപ്പ്. വിശന്നിട്ടാണ് ഞാന്‍കരഞ്ഞത്.
      
കുഞ്ഞാറ്റക്കുരുവി അപ്പോള്‍കുഞ്ഞുവാവയോടു പറഞ്ഞു. കുഞ്ഞുവാവേ..ദേ ആ കൂട്ടിന്നുള്ളിലേയ്ക്കു നോക്കിയേ.അതിനകത്ത് മൂന്നു കുരുവിക്കുഞ്ഞുങ്ങളുണ്ട്.   കുഞ്ഞുവാവ പറഞ്ഞു. അതു ഞാനെപ്പോഴും കാണുന്നതല്ലെ. കുഞ്ഞാറ്റക്കുരുവിയുടെ കുഞ്ഞുങ്ങളെ അമ്മ കാണിച്ചു തന്നിട്ടുണ്ട്. കുരുവി വീണ്ടും പറഞ്ഞു. അതിലൊരെണ്ണമെങ്കിലും കരയുന്നോ എന്നു നോക്കിയ്ക്കേ.അപ്പോള്‍കുഞ്ഞുവാവ പറഞ്ഞു.ഇല്ലല്ലൊ. ഒരു കുരുവിക്കുഞ്ഞുപോലും കരയുന്നില്ല.അപ്പോള്‍ വീണ്ടും കുഞ്ഞാറ്റക്കുരുവി പറഞ്ഞു. അവര് ഞാന്‍തീറ്റകൊണ്ടുചെല്ലുമ്പോള്‍മാത്രമേ വാ പൊളിയ്ക്കുകയുള്ളു. അല്ലാതേ കുഞ്ഞുവാവേപോലെ വിശക്കുന്നേന്നും പറഞ്ഞ് എപ്പോഴും ഇങ്ങനെ കരഞ്ഞോണ്ടിരിക്കുകയില്ല.അവര്‍ക്കറിയാം അവരുടെ അമ്മയായ ഞാന്‍അവര്‍ക്കു കഴിയ്ക്കാന്‍തീറ്റയുമായി ചെല്ലുമെന്നുള്ളത് എനിയ്ക്ക് അത് നല്ല ഓര്‍മ്മയുണ്ട്
എന്നുള്ളതവര്‍ക്കറിയാം.അതേപോലെ കുഞ്ഞുവാവയുടെ അമ്മയ്ക്കും കുഞ്ഞുവാവേപ്പറ്റി നല്ല ഓര്‍മ്മയുണ്ട്. ആഹാരവും കൊണ്ട് ഇപ്പോള്‍കുഞ്ഞുവാവയുടെ അമ്മയെത്തും.

വീണ്ടും കുരുവി കുഞ്ഞുവാവയുടെ ചുറ്റിനും ഒന്നുകൂടി പറന്ന് വട്ടമിട്ടു. അപ്പോഴേയ്ക്കും കുഞ്ഞുവാവവേടെ അമ്മ ഒരു ഗ്ലാസ്സില്‍കുഞ്ഞുവാവയ്ക്കു കുടിയ്ക്കാനുള്ള പാലുമായി വരുന്നതു കണ്ടു. അതു കണ്ടപ്പോള്‍കുഞ്ഞുവാവ പറഞ്ഞു.കുഞ്ഞാറ്റക്കുരുവി പറഞ്ഞതെത്ര സത്യം.അപ്പോള്‍കുഞ്ഞാറ്റക്കുരുവി വീണ്ടും കുഞ്ഞുവാവയോടു പറഞ്ഞു നോക്കു എപ്പോഴും അമ്മമാരുടെ മനസ്സില്‍കുഞ്ഞുങ്ങളെപ്പറ്റിയായിരിക്കും ചിന്ത.അവര്‍ക്കു വിശക്കുന്നതിനു  കൊടുക്കാനുള്ള ആഹാരത്തിനെപ്പറ്റിയും അവരെ കുളിപ്പിക്കുന്നതിനേപ്പറ്റിയും അവരെ ഉടുപ്പിടീക്കുന്നതിനെപ്പറ്റിയും. അവര്‍ക്കു കുഞ്ഞിക്കഥകള്‍പറഞ്ഞു കൊടുക്കുന്നതിനെപ്പറ്റിയും ഒക്കെയായിരിക്കും വിചാരം. അതിനു നിങ്ങള്‍കുഞ്ഞുങ്ങളു കരയണമെന്നൊന്നും ഇല്ല.
സമായസമയങ്ങളില്‍എല്ലാം തരും. അതു പറഞ്ഞോപ്പോളേയ്ക്കും കുഞ്ഞുവാവയുടെ അമ്മ അടുത്തെത്തി. കുഞ്ഞുവാവ പാലൊക്കെ കുടിച്ച് വിശപ്പു മാറ്റി.  കുഞ്ഞാറ്റക്കുരുവി അങ്ങു പറന്നും പോയി. അങ്ങനെ കുഞ്ഞാറ്റക്കുരുവിയും കുഞ്ഞുവാവയും നല്ല കൂട്ടുകാരുമായി.

2012 മാർച്ച് 24, ശനിയാഴ്‌ച

റിഹാക്കുറു

റിഹാക്കുറു


‘കൊങ്ങെച്ച കുറാനി’ ?
‘കമെ നുക്കുറ…’. അലച്ചു ചിതറിയ തിരമാലച്ചുരുളുകളെയും നോക്കി തീരത്തെ പഞ്ചസാരമണലിലുറപ്പിച്ച കയറുതൊട്ടിലില്‍ ചാഞ്ഞു കിടന്ന് പ്രദീപ് അബ്രഹാം മറുപടി പറഞ്ഞു. അന്യമായിരുന്ന ഈ ഭാഷ പ്രദീപിനു പെട്ടന്നു വഴങ്ങിയതുപൊലെ. ആറാം തരത്തിലെ ഇസ്മായില്‍ മറുപടിക്കു നില്‍ക്കാതെ തിരകളിലേക്കു തെന്നിയിറങ്ങി. ഒാട്ടത്തില്‍ ഇസ്മയിലിനെ വിട്ടൊഴിഞ്ഞ ഭൂതം പോലെ ‘റിഹാക്കുറു’ വിന്റെ മനം മടുപ്പിക്കുന്ന മണം പ്രദീപിന്റെ ചാരുകസാലയുടെ പാര്‍ശ്വങ്ങളില്‍ വിട്ടൊഴിയാന്‍ മടിച്ചുനിന്നു.
മീനും മീന്‍ കറിയും പ്രദീപിനെന്നും ഇഷ്ടമായിരുന്നു. വിശേഷാല്‍ പുളിയിട്ടു വെച്ച വൈക്കം മത്തിയും മരച്ചീനി പുഴുങ്ങിയതും. പൊട്ടങ്കുളത്തെ നെല്ലൊഴിഞ്ഞ നിലങ്ങളില്‍ പെയ്ത്തുവെള്ളത്തില്‍ ഓടിത്തിമിര്‍ക്കുന്ന പരല്‍ക്കുഞ്ഞുങ്ങളെ കഴുത്തില്‍ ഒറ്റത്തോര്‍ത്തു കെട്ടി ഒഴിഞ്ഞ ഹെര്‍കുലീസ് റമ്മിന്റെ നിറവയറന്‍ കുപ്പിയിലാക്കിയ ബാല്യത്തില്‍ പ്രദീപിനു മീനുകള്‍ വെറുമൊരു കാഴ്ചവസ്തു മാത്രമായിരുന്നു. പിന്നെയത് ഒഴിച്ചുകൂടാനാവാത്ത ഒരു ഒഴികറിയായി , ചിലപ്പോള്‍ കറുമുറുപ്പിക്കുന്ന വറുവലും.
ഒറ്റയാകലുകളുടെ നേര്‍ക്കാഴ്ച്ചയാണു ദ്വീപുകളിലെ ജീവിതം, ഒറ്റപ്പെട്ട ഒരു തുരുത്തിലെ അധികമൊന്നും കേള്‍ക്കാനും കാണാനുമില്ലാത്ത നിറം മങ്ങിയ പകലുകല്‍, ആധുനികതയുടെ ആവരണങ്ങളില്ലാതെ ഇത്തിരിപ്പോന്ന മോഹങ്ങളുമായി ജീവിച്ചു തീര്‍ക്കുന്ന ഒരു കൂട്ടം മനുഷ്യര്‍. ‘ഓര്‍ക്കാം നിനക്ക് എന്റെ പ്രിയമുള്ള വലിയകരയിലെ കൂട്ടുകാരാ, തീര്‍ക്കാന്‍ എളുതല്ല ഈ പത്തു ഹെക്ടര്‍ തുണ്ടുഭൂമിയിലെ ജീവിതം’. പ്രദീപ് വെറുതെ കുറിച്ചിടുകയാണ്, ഈ വരികള്‍ എരിഞ്ഞുതീരുന്ന ഈ ചെറുജന്മത്തിലെവിടെയെങ്കിലും, വിദൂരമായ എങ്ങൊ, എത്തിപ്പെടാന്‍ കഴിയും എന്നു കരുതുന്ന പരന്ന മൈതാനങ്ങളില്‍, പര്‍വ്വതശിഖരങ്ങളില്‍, അയാള്‍ക്ക് ഒരു ചെറു നിര്‍വ്രുതി നല്‍കിയേക്കാം, കരിഞ്ഞു തുടങ്ങിയ ഓര്‍മ്മപ്പാടങ്ങളില്‍ ഒരിറ്റു ജീവജലം പകര്‍ന്നേക്കാം.
നുറുങ്ങിയടര്‍ന്നുതുടങ്ങിയ ഇരുണ്ട പച്ചനിറമുള്ള ‘സാളങ്ക’ യിലെ ആദ്യ കടല്‍ യാത്രയെക്കുറിച്ചു ചിന്തിച്ചാല്‍, പരന്ന നീല ജലാശയവും, ആഴിപ്പടര്‍പ്പിലെ കുതിച്ചുതുള്ളുന്ന ഡോള്‍ഫിന്‍ മീനുകളും, ടുണ മീന്‍ ഉണക്കിപ്പൊടിച്ചുചേര്‍ത്തുണ്ടാക്കിയ നൂഡില്‍ സൂപ്പുമാണു അയാള്‍ക്ക് ഓര്‍മ്മവരുന്നത്. അന്തിവെളിച്ചത്തില്‍ ചെന്നെത്തിയ തുണ്ടുഭൂമി നിറയെ തെങ്ങും കടച്ചക്കമരങ്ങളും മാത്രം. കൈവെള്ളയിലെ വരകള്‍ പോലെ നെടുകെയും കുറുകെയും പഞ്ചസ്സാരമണലുപാകിയ നിരത്തുകള്‍. നാലും കൂടിയ വഴിയോരത്ത് ഇടുങ്ങി ഒതുങ്ങിയ രണ്ടു പലവ്യഞ്ജന പീടികകള്‍, അടുത്ത തെരുവില്‍ പവിഴക്കല്ലുകള്‍ ചെത്തി കടല്‍മണലും കുമ്മായവും തേച്ചുയര്‍ത്തിയ മേല്‍ക്കൂര ചാഞ്ഞ വീടിനോടു ചേര്‍ന്നൊരു ഒറ്റമുറിയന്‍ ചായക്കട. ഇടത്തേയ്ക്കു നൂറ്റന്‍പത് വാര നടന്നാല്‍ പള്ളിക്കൂടവും ആശുപത്രിയും. നാല്‍ക്കവലയില്‍ നിന്നും നാലുപാടും നോക്കിയാല്‍ മഹാസമുദ്രത്തിലെ തിരയാട്ടങ്ങള്‍ വ്യക്തതയോടെ കാണാം.
പതിയെ അഹമ്മദ് മണിക്ക് അടുത്തുവന്ന് ‘ദിവേഹി’യില്‍ തുന്നിച്ചേര്‍ത്ത ആംഗ്ഗലെയ ഭാഷയില്‍ പ്രദിപിനോടു പറഞ്ഞു, ‘അണ്ണാണി, മികെ, ഹൌസ് ഇസ് ഹിയര്‍’. അയാള്‍ മണിക്കിന്റെ പിന്നാലെ നടന്നു. വളര്‍ന്നുതീര്‍ന്ന കടപ്ളാവുകള്‍ നിറയെ പാകമായ കടച്ചക്കകള്‍ ഇലകള്‍ മറച്ചു നില്‍ക്കുന്നു, കവലയുടെ പടിഞ്ഞാറെയറ്റം തീരത്തെ മണല്‍പ്പാടങ്ങളില്‍ സന്ധ്യയുടെ നിറം വീണുതുടങ്ങി. മണിക്കിന്റെ വീടിനോടുചേര്‍ന്നൊരു കുടുസുമുറി. വീല്‍ ബാരൊയില്‍ നിന്നിറക്കിവച്ച പ്രദിപിന്റെ രണ്ട് പെട്ടികളിലും നിറയെ പോറലുകള്‍, മണലിലൂടെ ആരോ വലിച്ചതുപോലെ. പാതിചാരിയ വാതില്‍ തള്ളിത്തുറന്ന് ഒരു ചെറിയ ചെമ്പുപാത്രത്തിള്‍ വെള്ളവുമായി ഒരു പെണ്‍കുട്ടി, അവള്‍ പറഞ്ഞു, ‘ഫെന്‍ ബേണം’. എവിടെയൊ മാത്രുഭാഷയുടെ ഒരു തഴുകല്‍, ‘താങ്ക്യു’, പ്രദീപ് മറുപടി പറഞ്ഞു. അവള്‍ പോയപ്പൊള്‍ മനം മടുപ്പിക്കുന്ന ഒരു തരം മണം മുറിയിലവള്‍ ഉപേക്ഷിച്ചുപോയതുപോലെ, അത്തറും കടല്‍മീന്‍ കഴുകിയ വെള്ളവും കൂട്ടിച്ചേര്‍ത്തതുപോലെ, അപരിചിതമായ, വേര്‍തിരിക്കാനാവാത്ത അസഹനീയമായ ഒരു നവഗ്ഗന്ധം. പ്രദിപ് പിന്‍വാതില്‍ പതിയെത്തുറന്നു, മുറിയുടെ പുറത്തു അടച്ചുകെട്ടി മേല്‍ക്കൂരയില്ലാത്ത ഇത്തിരിപ്പോന്ന ഒരിടം, തെക്കേക്കൊണില്‍ സിമന്റു വളയമിറക്കിയ ഒരു കിണര്‍, വടക്കുമാറി ഒരു ഇന്ത്യന്‍ ക്ലൊസെറ്റ്, മുകളില്‍നിന്നും കടപ്ളാവൂകളുടെ താഴ്ന്ന ചില്ലകള്‍ കുളിച്ചാര്‍ത്തിന്റെ നാലു ചുവരുകള്‍ക്കുള്ളിലേയ്ക്ക് വളര്‍ന്നിറങ്ങിയിരിക്കുന്നു. തറയില്‍ നിറയെ കരിഞ്ഞ പ്ളാവിലകളും പ്രജനനം നടക്കാതെ ചീഞ്ഞുപൊഴിഞ്ഞ ഇളം മഞ്ഞ പൂക്കളും. ഉള്‍വരാന്തയുടെ തെക്കെക്കോണില്‍ നിന്നും മണിക്കിന്റെ അസ്വസ്തതകള്‍ രാത്രിയേറെച്ചെല്ലുന്നതുവരെ അവ്യക്തമായി കേള്‍ക്കാമായിരുന്നു. താഴ്ന്നു തിരിയുന്ന വലിയ ഇതളുകളുള്ള ഇന്ത്യന്‍ നിര്‍മ്മിത ഖെയ്ത്താന്‍ പങ്കയുടെ അസ്വാരസ്യങ്ങള്‍ക്കിടയിലൂടെ അവ നേര്‍ത്തു പതിയെ ഇല്ലായ്മയിലേയ്ക്ക് ഊര്‍ന്നിറങ്ങിക്കൊണ്ടിരുന്നു
ജനാലയ്ക്കരുകിലെ പതിയെയുള്ള ഒരു ഉണര്‍ത്തുവിളി കേട്ടുകൊണ്ടാണയാള്‍ ഉറക്കം വിട്ടെണീറ്റത്. വലത്തെ പാളിയുടെ ഇത്തിരി വിടവിലൂടെ ആരുടെയൊ ഇരുണ്ട മുഖം തെന്നിമറഞ്ഞതുപോലെ. പതിയെ കിടക്കവിട്ടെണീറ്റ് പുറത്തെ വാതില്‍ തുറന്ന് ഇടത്തിണ്ണയിലേയ്ക്കിറങ്ങി. പലകമേശയില്‍ എന്തൊക്കെയോ മൂടിവച്ചിരിക്കുന്നു. അയാള്‍ മൂടിതുറക്കാന്‍ തിരിഞ്ഞപ്പോഴേയ്ക്കും അവള്‍ ഓടിയടുത്തു വന്നു, മണിക്കിന്റെ മകള്‍.
‘വാട്ട് ഈസ് യുവര്‍ നെയിം?’.
‘മുറുഷിദ’. അവള്‍ മറുപടി പറഞ്ഞു.
‘ബ്രെക്ക് ഫാസ്റ്റ്’, പറഞ്ഞുകൊണ്ടവള്‍ പുറത്തേയ്ക്കോടി. പ്രദീപ് മൂടി തുറന്നു നോക്കി, കരിഞ്ഞു മടങ്ങിയ രണ്ട് ചപ്പാത്തിയും, മുട്ട പൊരിച്ചതും. പൊരിച്ച മുട്ടയില്‍ അലങ്കാരപ്പണികള്‍ ചെയ്തതുപോലെ ക്ഷാരപടലങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നു.
………
‘സാര്‍’, ‘മികെ കന്റ്രി വര ബൊഡു ഉണ്ണാണി?’,
‘സ്റ്റാന്‍ഡ് അപ്’. പ്രദീപ് മറുപടി പറഞ്ഞു, ‘പ്ളീസ് ടോക്ക് ഇന്‍ ഇംഗ്ലീഷ്’.
‘മശെക്കൊ ഇംഗ്ലീഷ് ന എങ്കെ’ , പ്രദീപ് പതിനൊന്നാം തരത്തിലെ അയാള്‍ക്കു വീതം വെച്ചു നല്‍കപ്പെട്ട നാല്‍പത്തിമൂന്നു മുഖങ്ങളിലൂടെയും ദൈന്യതയോടെ ഒന്നു കണ്ണോടിച്ചു, മണിക്കിന്റെ മകള്‍ മുറുഷിദ, വലത്തെ നിരയില്‍ ഒന്നാമതിരിക്കുന്നു. പുറത്തെ സ്വാതന്ദ്യ്രങ്ങളിലൂടെ മേഞ്ഞുനടക്കാന്‍ കൊതിക്കുന്ന രണ്ടു ചെമ്മരിയാട്ടിന്‍ കുട്ടികളെ ഇറുകിയ തൂവെള്ള യൂണിഫോമിനുള്ളില്‍ അവള്‍ വളര്‍ത്തുന്നതുപോലെ.
‘മുറുഷിദ, വാട്ട് ഡിഡ് ഹീ മീന്‍?’ അവളുടെ തടിച്ചുമലര്‍ന്ന ചുണ്ടുകളിലേയ്ക്ക് നോക്കി പ്രദീപ് നിന്നു.
‘സാര്‍, ഹീ മീന്‍, ഈസ് യുവര്‍ കന്റ്രി റിയലി ഹ്വൂജ്’.
യേസ് … യെസ്…അയാള്‍ തലയനക്കി .
വൈകുന്നേരമായപ്പൊഴെയ്ക്കും പ്രദീപ് പതിയെ പുറത്തേയ്ക്കിറങ്ങി. വീതികുറഞ്ഞ നിരത്തുകളുടെ ഇരുപുറങ്ങളിലും കടല്‍ക്കല്ലുകളും കുമ്മായവും ചേര്‍ത്തു നിര്‍മ്മിച്ച വലിപ്പം കുറഞ്ഞ വീടുകള്‍ നിരയായിരിക്കുന്നു. പവിഴക്കല്ലുകള്‍ പെറുക്കിയടുക്കിയ പുറമതിലുകളില്‍ ശംഖിന്റെയും ചിപ്പിയുടെയും അവശിഷ്ടങ്ങള്‍ അലങ്കാരപ്പണികള്‍ ചെയ്തിരിക്കുന്നു. മണല്‍ നിലങ്ങളിലെ തെങ്ങിന്‍ കൂട്ടങ്ങള്‍ക്കിടയിലൂടെ തീരത്തേയ്ക്ക് നടന്നു. തിരകള്‍ക്കഭിമുഖമായി നിരത്തിയിരിക്കുന്ന കയറുതൊട്ടിലുകളിലൊന്നില്‍ അയാള്‍ ചാരിക്കിടന്നു. പുറംകടലിലെ കപ്പല്‍ച്ചാലിലൂടെ വിദൂരതകളിലേയ്ക്കു തുഴയുന്ന കൂറ്റന്‍ നൌകകള്‍. അയാള്‍ പതിയെ കണ്ണുകളടച്ച് കയറുതൊട്ടിലിന്റെ ഇരുമ്പ്പടിയിലേയ്ക്ക് ശിരസ്സ് ചായ്ച്ചു കിടന്നു, ഓര്‍മ്മകള്‍ പവിഴപ്പുറ്റുകളും, കടച്ചക്കമരങ്ങളും, മഹാസമുദ്രങ്ങളും താണ്ടി പൊന്നൊഴുകും തോടിന്റെ കരയോളം എത്തിച്ചേര്‍ന്നിരിക്കുന്നു. വെളുത്തേടത്തു ലക്ഷ്മിയമ്മ കടവിലെ പരന്നകല്ലില്‍ അയാളുടെ കുഞ്ഞുമകളുടെ തൂറല്‍ പടര്‍ന്ന അരികുകള്‍ തൂന്നി നിറം മങ്ങിയ വെളുത്ത തുണി തല്ലിക്കഴുകുന്നു. ‘കൊച്ചപ്പിയിട്ടേ…… ‘, നീട്ടിവിളിച്ചുകൊണ്ട് അയാളുടെ അമ്മ പുറത്തേയ്ക്ക് ഓടി, രണ്ടു മൂന്ന് പെരിങ്ങലത്തിന്റെ ഇലകളുമായി തിരികെവരുന്നു.
‘ഹായ്’,
‘ഹായ്’, ഐ ആം പ്രദിപ് അബ്രാഹാം, ന്യു കമ്പ്യുട്ടര്‍ ടീച്ചര്‍ റ്റു അവര്‍ സ്കൂള്‍’.
‘നൈസ് ടു മീറ്റ് യൂ’, ഐ ആം യൂസഫ് അലി ഖാന്‍, യുവര്‍ ഡോക്ടര്‍. മോര്‍ പ്രിസൈസ്ലി, ഐലന്റ് ഡോക്ടര്‍’.
‘നൈസ് ടു മീറ്റ് യൂ ടൂ’.
ഒടുക്കം
സായാഹ്നങ്ങളില്‍ തീരത്തെ കയറുതൊട്ടിലില്വെ കിടന്നു തിരകളെണ്ണിക്കരയാന്‍ യൂസഫ് അലി ഖാനും പ്രദീപിന്റെ കൂടെയുണ്ടാവും. ലാഹോറില്‍ നിന്നും നാലുവര്‍ഷങ്ങള്‍ക്കുമുന്‍പാണു അലി നിലന്തു വിലെത്തിയത്, തുരുത്തിലെ ആദ്യത്തെ അലോപ്പതി വൈദ്യന്‍. തുരുത്തിലെ പ്രദീപിന്റെ അവധിദിവസങ്ങള്‍ അലി ഖാനൊപ്പം ഒാടിത്തീരപ്പെട്ടുകൊണ്ടിരുന്നു.
“ഡോക്ടര്‍ അലി യു ക്യാന്‍ ഡു ഇറ്റ്, ജസ്റ്റ് മൂവ് യുവര്‍ ഹാന്‍ഡ്സ് സൈഡ്വേര്‍ഡ്സ്. റിലാക്സ്……, സ്ളോവ്ലി….. യാ… യ മൂവ് എഹെഡ്”. പ്രദീപ് ഡോക്ടര്‍ അലിയെ നീന്തല്‍ പരിശീലിപ്പിക്കുകയാണ്, തീരത്തെ ആഴം കുറഞ്ഞ പവിഴത്തടാകങ്ങളില്‍. വെള്ളിയാഴ്ചയുടെ വിരസതകള്‍ മാറ്റാന്‍ മറ്റൊന്നുമില്ലെങ്കില്‍ പ്രദീപ് പറയും, “ഡോക്ടര്‍, ലെറ്റ് അസ് ഹാവ് എ ഡ്രിങ്ക്, എ സോള്‍ട്ട് വാട്ടര്‍ ഡ്രിങ്ക്”. അലി എന്നും തയ്യാറാണ്, കടല്‍ക്കരയിലെ ഇളം നീല പവിഴത്തടാകങ്ങളില്‍, മദ്ധ്യരേഖയിലെ സൂര്യതാപമേറ്റു കിടക്കാനും, പിന്നെ ഇത്തിരി ഉപ്പുവെള്ളം നീന്തല്‍ പരിശീലനത്തിനിടയില്‍ കുടിക്കാനും. പൊന്നൊഴുംതോട്ടിലെ പുളിങ്കയത്തിന്റെ ചുവട്ടിലെ കരിനീല വെള്ളത്തില്‍ മലര്‍ന്നു കിടന്നു ജലക്രീഡകളില്‍ രസിക്കുന്ന വയറന്‍ തവളകളെയാണ് അലിയുടെ നീന്തല്‍ പരിശീലനം പ്രദിപിനെ ഒാര്‍മ്മപ്പെടുത്തുന്നത്.
“സാര്‍, കൊങ്ങെച്ചെ കുറാനി?” തിരയാട്ടങ്ങളില്‍ നീന്തിത്തിമിര്‍ക്കുന്ന കുറെ പെണ്‍കുട്ടികള്‍ക്കിടയില്‍ നിന്നും മുറുഷിദയുടെ സ്വരം അയാള്‍ ആയാസമില്ലാതെ തിരിച്ചറിഞ്ഞു. അവള്‍ തിരകള്‍ക്കിടയിലൂടെ ഊളിയിട്ട് അയാളുടെ അടുത്തേയ്ക്കു വന്നു. “സാര്‍, കൊങ്ങെച്ചെ കുറാനി?”, അവള്‍ കൂടുതല്‍ അധികാരത്തോടെ ചോദിച്ചു. “അഹാരുമെന്‍, സ്വിം കുളാനി”.അയാള്‍ പറഞ്ഞു. കനം കുറഞ്ഞ് കുര്‍ത്ത പോലെ തോന്നിച്ച അവളുടെ ഇളം റോസുടുപ്പിഴകള്‍ ചെമ്മരിയാട്ടിന്‍ കുട്ടികളോട് പറ്റിച്ചേര്‍ന്നു കിടക്കുന്നു. പിഞ്ചിക്കിറിയ തുണിയിഴകള്‍ക്കിടയിലൂടെ അവയുടെ കണ്ണൂകള്‍ പുറത്തേയ്ക്കു തുറിച്ചുനോക്കി നില്‍ക്കുന്നു. അയാള്‍ അലിയെ നോക്കി, പതിയെ മുറുഷിദയോടു പറഞ്ഞു.
“പ്ളീസ് മൂവ് റ്റു ദ അദര്‍ എന്‍ഡ്”. എന്നിട്ടയാള്‍ തീരം നോക്കി നീന്തി. മണല്‍പ്പരപ്പില്‍ വിരിച്ച വീതികുറഞ്ഞ കച്ചക്കുറിയതിന്റെ മുകളില്‍ അലി ആകാശം നോക്കി കിടക്കുന്നു. സായന്തനത്തിന്റെ നിറംകൊണ്ടുതുടങ്ങിയ പഞ്ചസാരമണല്‍ പരപ്പില്‍ അലിയുടെ കാലോരം ചേര്‍ന്നയാള്‍ ഇരുന്നു. ടൂണ മീനിന്റെ പൊടിഞ്ഞു നുറുങ്ങിയ എല്ലിന്‍ കക്ഷണങ്ങള്‍ തീരത്ത് ചിതറിക്കിടക്കുന്നു. പകലിന്റെ അധ്വാനമിച്ചവുമായി തോണികള്‍ ഒന്നൊന്നായി തീരം ചേര്‍ന്നുകൊണ്ടിരിയ്ക്കുന്നു.
“ഹേയ് അലി, ഐ ഹാവ് എ ക്വസ്റ്റ്യന്‍”
“വാട്ട്?”. തോണികളില്‍ നിന്നിറക്കുന്ന ടൂണ മിനുകളെ നോക്കി ഭാവപ്പകര്‍ച്ചയില്ലാതെ അലി ചോദിച്ചു.
“വൈ എവരിവണ്‍ ഹാസ് എ സ്മെല്‍ ഇന്‍ ദിസ് ഐലന്റ്?”
“ഓ.. ദാറ്റ്….ദാറ്റ് ഈസ് ദ സ്മെല്‍ ഒാഫ് റിഹാക്കുറു”.
“റിഹാക്കുറു? വാട്ട്?”
“യപ്…… റിഹാക്കുറു… ഫിഷ് പേസ്റ്റ്..ഫ്രം ടൂണ…. ദിസ് ഈസ് എ പ്രോട്ടീന്‍ റിച്ച് ഫൂഡ് ദെ മേയ്ക്ക് അറ്റ് ഹോം. ദിസ് മേയ്ക്സ് യൂ, മോര്‍ വിറൈല്‍, സിന്‍സ് ഇറ്റ് ഹാസ് എ ലോട്ട് ഓഫ് പ്രോട്ടീന്‍”.
സസ്യാഹാരികളായിരുന്ന പൂര്‍വ്വ്വഭാരത മുനിവര്യന്മാരെ അയാള്‍ ശിരസ്സുതാഴ്ത്തി തൊഴുതു. പ്രത്യുത്പാദനക്രിയകളില്‍ പ്രൊട്ടീനുള്ള പങ്കിനേക്കുറിച്ചോര്‍ത്തുകൊണ്ട് പ്രദീപ് മണിക്കിന്റെ വീട് ലക്ഷ്യമാക്കി നടന്നു. വഴിയോരങ്ങളിലെ വീടുകളുടെ, കടപ്ളാവിന്‍ തൈകള്‍ അരികുമറച്ച പിന്നാമ്പുറങ്ങളില്‍ നിറയെ ആളനക്കവും വെളിച്ചവും. കടപ്ളാവിന്റെ തടിച്ച ഇലച്ചാര്‍ത്തുകള്‍ വകഞ്ഞുമാറ്റി ഐലന്റ് ചീഫ് ജലീലിന്റെ വീട്ടുമുറ്റത്തേയ്ക്ക് അയാള്‍ ഒന്നു കണ്ണോടിച്ചു. വലിയ ചെമ്പുപാത്രങ്ങളില്‍ മുഴുവനോടെ തിളച്ചു മറിയുന്ന ടൂണ മീനുകള്‍, കുറെ ആളുകള്‍ ടൂണ വെന്ത വെള്ളം കുറുക്കിപ്പറ്റിക്കുന്നു. തുരുത്തിലെ എല്ലാവരും തന്നെ എത്തിച്ചേര്‍ന്നിരിക്കുന്നു. മുറുഷിദ മെഴുത്തുരുണ്ട ടൂണ മീനുകളെ കഴുകി വെടിപ്പാക്കുന്നു. മണിക്കിന്റെ ഭാര്യ ജലീലുമായി പറ്റിച്ചേര്‍ന്നുനിന്ന് കുറുകി ഉറച്ച പേസ്റ്റ് ചെറിയ കുപ്പികളിലാക്കുന്നു. കൂറ്റന്‍ കടച്ചക്കമരങ്ങളില്‍ രാക്കാറ്റിന്റെ ചിണുങ്ങല്‍ കേള്‍ക്കാം. രാവേറെച്ചെന്നെങ്കിലും തെരുവുകളില്‍ സഞ്ചാരസ്മ്രുദികളുണര്‍ത്തി ആരുടെയൊക്കെയൊ കാല്‍പ്പെരുമാറ്റങ്ങല്‍. ഒക്കെത്തിനും സാക്ഷിയായി നിലാവും തിരകളും മാത്രം. അകലെ പുറം കടലില്‍ നങ്കൂരമിട്ടിരിക്കുന്ന മത്സ്യബന്ധന നൌകയിലെ വിളക്കുകള്‍ അണഞ്ഞു തുടങ്ങിയിരിക്കുന്നു. വീട്ടിലെയ്ക്കുള്ള ഇടത്തെ ചെറുവഴിയിലേയ്ക്കു കയറിയപ്പോള്‍ മുന്നിലൂടെ ആരൊ തിടുക്കത്തില്‍ നടന്ന് എതിര്‍വശത്തെ വീടിന്റെ വാതില്‍പ്പുറം എത്തി നില്‍ക്കുന്നു. സൂക്ഷിച്ചുനോക്കി, അഹമ്മെദ് മണിക്ക്, അറിയാതെ അയാള്‍ ഒന്നു നിന്നു. വാതില്‍പ്പാളി പതിയെ തുറക്കപ്പെടുന്നു. ഫാത്തിമ, പള്ളിക്കൂടത്തിലെ രണ്ടാം ക്ലാസ് ടിച്ചര്‍. രണ്ടുകുട്ടികളുണ്ടവള്‍ക്ക്, മൊഴിചൊല്ലാന്‍ 200 റൂഫിയ കോടതിയില്‍ കൊടുത്തവള്‍ കാത്തിരിക്കുകയാണ്.
പ്രദീപ് പതിയെ കട്ടിലിന്റെ പടിയിലേയ്ക്കു തലചായ്ച്ച് കിടന്ന് ദക്ഷിണേന്ത്യയിലെ ഐ.ടി പ്രൊഫെഷണലുകളെക്കുറിച്ചൊര്‍ത്തു. സസ്യാഹാരം കഴിച്ച് കമ്പ്യുട്ടറുകളുടെ മുന്‍പില്‍ ദിവസം മുഴുവനും ഇരുന്നാല്‍ പ്രൊട്ടിന്‍ അസന്തുലനം ഉണ്ടാവാം എന്ന പത്രവാര്‍ത്തയെക്കുറിച്ചോര്‍ത്തു, ഐ. ടി പ്രൊഫെഷണലുകളുടെ ഇടയിലെ വര്‍ധിച്ചുവരുന്ന വിവാഹമോചനങ്ങളെക്കുറിച്ചു വായിച്ചതോര്‍ത്തു. പിന്നെ റിഹാക്കുറുവിനെയും മുറുഷിദയേയും ഫാത്തിമയേയും മണിക്കിനെയും മണിക്കിന്റെ ഭാര്യയെയും ഓര്‍ത്തു. എന്നിട്ട് റിഹാക്കുറുവിന്റെ വ്യവസായ സാധ്യതകളേക്കുറിച്ച് ചിന്തിച്ചു. പെട്ടന്നയാള്‍ അയാളോടുതന്നെ ഒരു ചോദ്യം അറിയാതെ ചോദിച്ചുപോയി ” ആസിയാന്‍ കരാറിന്റെ വസ്തുപ്പട്ടികയില്‍ വ്യാപാരം ചെയ്യാവുന്ന വസ്തുക്കളില്‍ റിഹാക്കുറു ഉണ്ടാവുമൊ?”
പ്രദീപ് ചാടിയെണീറ്റ് തന്റെ കമ്പ്യുട്ടറില്‍ ഇന്ത്യന്‍ വാണിജ്യകാര്യമന്ത്രാലയത്തിന്റെ ഇന്റര്‍നെറ്റ് പുറങ്ങളിലെ ആസിയാന്‍ കരാറിന്റെ വസ്തുപ്പട്ടികയില്‍ റിഹാക്കുറുവിനായി പരതാന്‍ തുടങ്ങി. പുറത്തു മണിക്കിന്റെ പാദപതനങ്ങള്‍ ചെറുതായിക്കേള്‍ക്കാം. റിഹാക്കുറുവിന്റെ അടുപ്പുകനലുകല്‍ക്കുമേല്‍ ജലീല്‍ കടല്‍ വെള്ളം കോരിയൊഴിച്ചതിന്റെ ശബ്ദം തിരകളുടെ ഇരമ്പലില്‍ കേള്‍ക്കാനാവാതെ പോയി.

-സാജന്‍ ആയത്തമറ്റം

പറഞ്ഞു മറന്ന കഥ

പറഞ്ഞു മറന്ന കഥ
സ്നേഹനൊമ്പരങ്ങളുടെ ചില്ലുകൂട്ടില്‍ നിന്നും പുറത്തേയ്ക്കുള്ള വാതായനങ്ങള്‍ പരതുന്നവരുടെ കൂടെക്കഴിയാനായിരുന്നു അയാളെന്നും ആഗ്രഹിച്ചിരുന്നത്. പ്രവാസത്തിന്റെ ചില്ലറ നീറ്റലുകള്‍ക്കുമപ്പുറത്ത് വേര്‍പാടിന്റെ നൊമ്പരങ്ങള്‍ ഉപ്പുതൂണുകളെ ഓര്‍മ്മിപ്പിക്കവണ്ണം ചിന്തകളില്‍ എന്നും കൂട്ടിനുണ്ടായിരുന്നു. സ്വപ്നങ്ങളുടെ കൂടെ ബാല്യത്തിന്റെ പാതയോരം ചേര്‍ന്നുനടക്കുമ്പോള്‍ ആയതിനു കാരണഭൂതനായവനില്‍ സ്വയം അലിഞ്ഞില്ലാതാവുന്ന ഒരവസ്ഥ, എല്ലാം പൊടിഞ്ഞൊന്നാകുന്നതുപൊലെ. ബാല്യത്തിലെ ആകാശങ്ങള്‍ക്കു വലിപ്പം കുറവായിരുന്നു, ഏറിയാല്‍ ഒരു ചെമ്മണ്‍ പാതയുടെ നീളവും വീതിയും അല്ലെങ്കില്‍ മരമൊഴിഞ്ഞ ഒരു റബ്ബര്‍ക്കാടിന്റെ ചതുരവിന്യാസത്തില്‍.
ശാന്ത സമുദ്രത്തിന്റെ തിരയിളക്കങ്ങളെ കരയില്‍ നിന്നും വേര്‍തിരിക്കുന്ന നീലമലകളുടെ താഴ്വര, ഉരുക്കും ചില്ലുകളും കൊണ്ടു മനോഹരമാക്കിയ സ്തംഭതുല്യ ഹര്‍മ്യങ്ങളില്‍ മനുഷ്യന്‍ എറുംബുകളെപ്പൊലെ പണിയെടുക്കുന്നു, അന്യഗ്ഗ്രഹ ജീവികളെപ്പോലെ അഭിവാദനം ചെയ്യുന്നു, നിറം മങ്ങിയ ചേഷ്ടകള്‍. മരുഭൂമിയും മഹാസമുദ്രവും മാമലകളും ഒരുമിക്കുന്ന മറ്റൊരു ത്രിവേണി . മരുഭൂമിയൊടുചേര്‍ന്ന പര്‍വതശിഖരങ്ങളില്‍ വളരാന്‍ മടിച്ചു കരിഞ്ഞു തുടങ്ങിയ കറുകപ്പുല്ലുകള്‍ കടലോമലനിരകളിലെ പച്ചപ്പുകണ്ടു തേങ്ങിയതുപോലെ, പര്‍വതങ്ങള്‍ തളിര്‍ക്കുന്ന വര്‍ഷമാസങ്ങള്‍ക്കായ് കാത്തിരിക്കുന്നതുപൊലെ. ആകാശങ്ങള്‍ക്കു വലിപ്പം വച്ചു തുടങ്ങിയിരിക്കുന്നു, ഇന്നത് നീണ്ടു പരന്ന് ശാന്ത സമുദ്രത്തിന്റെ വടക്കു കിഴക്കെ ഉള്ളുമുതല്‍ അങ്ങു മഹോവി മരുഭൂമിയുടെ തെക്കെ അറ്റം വരെ പരന്നു കിടക്കുന്നു.
അയാള്‍ പുറത്തെയ്ക്കിറങ്ങി, ഇടനാഴികള്‍ പിന്നിട്ടു വലത്തേ അറ്റത്തെ ലിഫ്റ്റിനെ ലക്ഷ്യമാക്കി, എതിരെ പോകുന്നവര്‍ക്കു തടസ്സമുണ്ടാക്കാതെ പതിയെ നടന്നു. പതിമൂന്ന്, …… അഞ്ച്, അഞ്ചാം നിലയുടെ തുറവിയിലെയ്ക്കയാള്‍ ഇറങ്ങി, താഴെ അലമദിന്‍ ബൊളിവാഡും പാര്‍ക്ക് അവന്യുവും ഒന്നിക്കുന്നു. നിരത്തുകളില്‍ ഇടതടവില്ലാതെ ഒഴുകുന്ന പലവര്‍ണ്ണങ്ങളിലുള്ള ചെറുതും വലുതുമായ വാഹനങ്ങള്‍, ഒരിക്കലും അവസാനിക്കാത്ത യാത്രകള്‍. നാട്ടിന്‍പുറത്തെ ഇടുങ്ങിയ പാതയോരത്തെ റബ്ബര്‍ക്കാടുകളിലേയ്ക്കു തുറക്കുന്ന കൂറ്റന്‍ വാതിലുകളുടെ പായല്‍ പിടിച്ച കെട്ടില്‍ വെറുതെകിടന്നു നേരം പോക്കിയ സന്ധ്യകളില്‍, അതിര്‍ഭിത്തികളില്‍നിന്നടര്‍ന്നുവീണ തേക്കിന്‍ പൂവുകള്‍ നിരത്തിലുടയാതെ കിടക്കുമായിരുന്നു, പുലര്‍കാല സഞ്ചാരികള്‍ക്കുവിരിച്ച വെളുത്ത പരവതാനിപോലെ.
ഹെരിട്ടജ് കെട്ടിടസമുച്ചയങ്ങള്‍ക്കിടയിലൂടെ കിഴക്കോട്ടു നോക്കിയാല്‍ വേനലിന്റെ വറുതി കാണാം, കരിഞ്ഞു തീരാറായ സാന്‍ ജോസ് പട്ടണത്തിലെ ദാരിദ്യ്രത്തിന്റെ ബാഹ്യ അടയാളങ്ങള്‍. ഉണ്മയെ ഉള്‍ക്കൊള്ളുവാന്‍ കഴിയാത്തവണ്ണം സാന്ത ക്ലാര തെരുവിലെ അംബരചുംബികള്‍ തലയെടുപ്പോടെ നില്‍ക്കുന്നു. ‘ഇറങ്ങിയേക്കാം’, അയാള്‍ പതിയെ പിറുപിറുത്തു. വെള്ളിയാഴ്ച്ചയല്ലെ, സ്ഥിരം ജോലിക്കാരൊക്കെ നാലുമണിയാകാന്‍ കാത്തിരിക്കും, പിന്നെ ഒരൊട്ടമാണു, എവിടെയൊ എത്തിപ്പെടാനുള്ള നെട്ടോട്ടം. പക്ഷെ അയാളൊരു കൊണ്ട്രാക്റ്റര്‍ ആണ്, കുറച്ചു കാലത്തേയ്ക്കുമാത്രം വിളിക്കപ്പെട്ടവന്‍, കാലവധി പൂര്‍ത്തിയാക്കിയാല്‍ മടങ്ങണം. “ഈ ജീവിതം തന്നെ………”. അയാള്‍ പതിയെ നൂറ്റിമുപ്പത്തിനാലാം മുറിയിലേക്കു കയറി. അടുത്ത മുറിയില്‍നിന്ന് വിയറ്റ്നാം കാരനായ അയാളുടെ മാനേജര്‍ ആരോടൊ ഉറക്കെ സംസാരിക്കുന്നു. പാതിയുയര്‍ത്തിയ ജനാലമറയിലൂടെ നെടുകെയും കുറുകെയും പോകുന്ന വാഹനങ്ങളും നോക്കി അയാളിരുന്നു.
അന്തര്‍ സംസ്ഥാന പാതയോരത്തെ ആപ്പിസുമുറിയും ഇരുവശങ്ങളിലെ പാതിയുയര്‍ത്തിയ ചില്ലുജാലകങ്ങളും അയാള്‍ക്ക് ഒരുതരം പ്രഹേളികപൊലെ തോന്നി. എക്സ്പ്രെസ് പാതയിലെ ചെറുതും വലുതുമായ വാഹനങ്ങള്‍ ജന്മാന്തരങ്ങളിലൂടെ ഓടിമറഞ്ഞ തലമുറകളായി, നേര്‍പാതയില്‍ പിടിച്ചുനിര്‍ത്തുന്ന നിരത്തിലെ വെളുത്ത വരകള്‍ പഴയതിന്റെ പൊടിഞ്ഞുതുടങ്ങിയ ഓര്‍മകളിലേയ്ക്കു അയാളെ വലിച്ചുകൊണ്ടു പോകുന്നതുപോലെ.
പകലിന്റെ പ്രകാശം കുറഞ്ഞു വന്നുകൊണ്ടിരുന്നു. കിഴക്കെ ടവറിന്റെ നിഴലുകള്‍ അലമദിന്‍ റോഡും കടന്ന് ഹെരിട്ടജ് കെട്ടിടത്തിന്റെ പാതിയിലെത്തിനില്‍ക്കുന്നു. ഒന്നിനെ മറ്റൊന്ന് മറയ്ക്കാന്‍ ശ്രമിക്കുന്നതുപോലെ. കുഞ്ഞുന്നാളില്‍ അമ്മയുടെ പഴയ സാരിത്തുണികള്‍ പടിഞ്ഞാറെത്തിണ്ണയില്‍ വലിച്ചുകെട്ടി സന്ധ്യയ്ക്കു നിഴല്‍ നാടകം കളിച്ചതും, എണ്ണവിളക്കൂതിയണച്ച് ജാലകവാതിലിലൂടെത്തിനോക്കിയ ചാന്ദ്രിക വെളിച്ചത്തില്‍ എട്ടത്തിയെ പേടിപ്പിച്ചതും അയാള്‍ക്കിന്നും ഓര്‍മ്മയുണ്ട്. റബ്ബര്‍ക്കാടുകളിലൂടെയുള്ള ഇരുട്ടിന്റെ മറപിടിച്ചുള്ള യാത്രകള്‍ എന്നും ഭയമുളവാക്കുന്നവയായിരുന്നു. വായനശാലയില്‍ നിന്നുള്ള രാത്രിമടക്കത്തിനു അങ്ങൊട്ടുള്ളതിലും തിടുക്കവുമുണ്ടായിരുന്നു, കണ്ണുകള്‍ ആരോ മുന്നോട്ടു പിടിച്ചുകെട്ടിയതുപൊലെ, ഇരുപുറവും നോക്കാതെ ഒരൊറ്റയോട്ടം.
വെറുതെ ഈ – പത്രങ്ങളിലൂടെ കണ്ണോടിച്ചുകൊണ്ടിരുന്നപ്പൊഴാണു വാതില്‍പ്പുറത്ത് പരിചയമുള്ള ഒരു സ്വരം കേട്ടത്, ‘മി . രമേശന്‍, പ്ളീസ് കം’. അയാലുടെ മാനേജര്‍. രണ്ടു കുട്ടികളുണ്ടയാള്‍ക്ക്, രണ്ടാമന്‍ സ്റ്റാന്‍ഫൊര്‍ഡ് സര്‍വ്വകലാശാലയില്‍ ഉന്നതപഠനം നടത്തുന്നു. ട്രങ്ങ് ഫം നെ കാണുമ്പൊഴൊക്കെ അയാള്‍ക്ക് ഓര്‍മ്മവരുന്നത് ഒന്നാം വര്‍ഷ ബിരുദത്തിനു നടുവിലത്തെ നിരയിലിരുന്ന സെബാസ്റ്റ്യനെയാണു, പ്രി-ഡിഗ്ഗ്രിയുടെ മുഴുവന്‍ ദിവസ്സങ്ങളിലും ക്ഷൌരം ചെയ്തിട്ടും മീശമുളയ്ക്കാതിരുന്ന പറമ്പില്‍ സെബാനെ. ട്രങ്ങ് ഇടയ്ക്കു വിളിയ്ക്കാറുണ്ടയാളെ. അടുത്തിടെ പോയ ഉഷ്ണകാല യാത്രകളുടെ കടല്‍ത്തീര കഥകള്‍ പറയാനോ, അവസാനിക്കുവാന്‍ പോകുന്ന കോണ്ട്രാക്റ്റിന്റെ പുതുക്കിയ തിയതി വിവരങ്ങളേക്കുറിച്ച് സംസാരിക്കാനോ മറ്റോ.
ഒരു ചെറിയ മൌനത്തിന്റെ അവസാനം ട്രങ്ങ് പറഞ്ഞു തുടങ്ങി, അദ്ദേഹത്തിന്റെ അസാധാരണമായ തിടുക്കം രമേശനില്‍ എന്തോ ഒരു തരം കൌതുകമുളവാക്കി. എന്തൊക്കെയൊ പറഞ്ഞവസാനിപ്പിക്കാന്‍ ട്രങ്ങ് പ്രയാസപ്പെടുന്നതുപോലെ. ‘ സി മിസ്റ്റര്‍ രമേഷ് പൊതുവാള്‍, കമ്പനി ഡിഡ്നോട്ട് റീച്ച് ദി സെക്കന്റ് ക്വാര്‍ട്ടര്‍ എക്സ്പെക്ടേഷന്‍സ് ആന്‍ഡ് അസ് പേര്‍ ടുഡേസ് സി.ഇ.ഒ ചാറ്റ്, വി ഹാവ് അ ഡിസിഷന്‍ റ്റൊ കട്ട് ഡൌണ്‍ അവര്‍ സ്റ്റ്രെങ്ങ്ത്. അണ്‍ഫൊര്‍ച്നേറ്റിലി, യു ആര്‍ വണ്‍ എമങ്ങ് ദെം’. ‘ താങ്ക്സ് ഫോര്‍ യുവര്‍ സര്‍വീസസ്’. ഒന്നും മനസ്സിലാകാത്തതുപൊലെ രമേശന്‍ ഇനിയും മീശമുളയ്ക്കാത്ത ട്രങ്ങിന്റെ വടുക്കള്‍ നിറഞ്ഞ മുഖത്തേയ്ക്ക് നോക്കി, പതിയെ കണ്ണൂകള്‍ ചില്ലുജാലകങ്ങള്‍ തുളച്ച് എണ്‍പത്തിയേഴാം എക്സ്പ്രെസ് നിരത്തിന്റെ രണ്ടാം പകുതിയിലെത്തിനിന്നു, വാഹനങ്ങള്‍ താഴ്വരയെ പടിഞ്ഞാറോട്ടു തട്ടിമാറ്റി കണ്മുന്‍പില്‍നിന്നും ഒാടിമറഞ്ഞുകൊണ്ടിരിക്കുന്നു.
അധികമൊന്നും തിരികെനല്‍കാനയാള്‍ക്കില്ലായിരുന്നു, ഒരു ഐ.ബി.എം തിങ്ക്പാഡ് ലാപ്ടൊപ്പും പിന്നെ കുറച്ചു റെഫെറന്‍സ് പുസ്തകങ്ങളും, ഒക്കെ വളരെപ്പെട്ടന്നു കഴിഞ്ഞു, മറ്റാരാലൊ തട്ടിമാറ്റപ്പെടുന്നതുപൊലെ. ഇറങ്ങി വന്ന വഴിയില്‍ കണ്ട ചിരപരിചിതങ്ങളായ ഇടനാഴികള്‍ എങ്ങോ ഒരു കൊളുത്തിട്ടു വലിക്കുന്നതുപൊലെ അയാള്‍ക്ക് തോന്നിച്ചു. ഒക്കെ നഷ്ടപ്പെട്ട തോള്‍ സഞ്ചിയും ചുമലിലിട്ട് ലിഫ്റ്റിറങ്ങി താഴെയെത്തി. മനസ്സിന്റെ കനം വാരിയെല്ലുകളും തുളച്ചു ശൂന്യമായ തോള്‍സഞ്ചി നിറച്ചതുപോലെ, താങ്ങാന്‍ കഴിയാത്ത എന്തോ ഒരു ഭാരം. പതിയെ ബേസ്മെന്റിലെത്തി അയാളുടെ കാറിനായി പരതി, കാഴ്ചക്കുറവു തോന്നുന്നു, മറവി ബാധിച്ചതുപോലെ.
പതിയെ വണ്ടിയോടിച്ചുകൊണ്ടിരിക്കുകയാണയാള്‍, അറിയാതെ എല്‍.പി സ്കൂളിലെ കണക്കധ്യാപകനെ രമേശനോര്‍മ്മവന്നു, കുറെ പെരുക്കപ്പട്ടികകളും.
നാട്ടിലെ വീടിന്റെ വക ഇ എം ഐ = 35000 രൂപ
വണ്ടി മേടിച്ച വക ഇ എം ഐ = 200 ഡോളര്‍
വീട്ടു വാടക = 1800 ഡോളര്‍
കറന്റ്, വെള്ളം, ഫോണ്‍ = 300 ഡോളര്‍
പെങ്ങടെ മോള്‍ ഷിബി യുടെ കല്യാണത്തിനു കൊടുക്കാമെന്നേറ്റ വക = 5000 ഡോളര്‍
അളിയനു കടമായി മേടിച്ച വക തിരികെക്കൊടുക്കാനുള്ളത് = 8000 ഡോളര്‍

പിന്നെ ഇത്തിരി ഭക്ഷണം കഴിക്കേണ്ടെ………….??
തൊണ്ണുറുകളുടെ അവസാനം മൌണ്ട് റോഡിലൂടെ കാലത്തു രണ്ടിഡ്ഡലിയും കഴിച്ച്, ദിവസം മുഴുവനും ബയോഡാറ്റയുമായി അലഞ്ഞ ദിവസങ്ങള്‍. ഇഡ്ഡലി ഒന്നു കുറച്ചാല്‍ രണ്ടു കോപ്പികള്‍ കൂടുതല്‍ എടുക്കാം, ഒക്കെ അയാളുടെ പ്രഞ്ജയിലേയ്ക്ക് ഒരു പവര്‍ പോയിന്റ് അവതരണം പോലെ കടന്നുവന്നു.
വളരെപ്പെട്ടന്ന് നിരത്തില്‍ അയാളുടെ മുന്‍പേ ഉണ്ടായിരുന്ന വാഹനങ്ങള്‍ പിടിച്ചുവലിച്ചതുപൊലെ നിന്നു. അയാള്‍ ഇരുപത്തിയേഴും പതിനെട്ടും തമ്മിലുള്ള സങ്കലനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇടിയുടെ ആക്കത്തില്‍ അഞ്ചു മീറ്റര്‍ നിരങ്ങിയാണു വണ്ടി നിന്നത്. ഒന്നും പറ്റിയിട്ടില്ല, അയാള്‍ പുറത്തിറങ്ങിനോക്കി, തൊട്ടുമുന്നില്‍ കിടക്കുന്ന ബി.എം.ഡബ്ളിയു വിന്റെ വാലറ്റം അത്ര മോശമല്ലാത്തതരത്തില്‍ തകര്‍ന്നിരിക്കുന്നു. വണ്ടിയില്‍ നിന്നും ചാടിയിറങ്ങിയ വെള്ളക്കാരന്‍ എന്തൊക്കെയൊ ഉച്ചത്തില്‍ സംസാരിക്കുന്നു, ഒക്കെ പാഞ്ഞുപോകുന്ന വാഹനങ്ങളുടെ മുരള്‍ച്ചയില്‍ അലിഞ്ഞു പൊയ്കൊണ്ടിരുന്നു. വെള്ളക്കാരന്‍ പോലിസിനെ വിളിച്ചുകൊണ്ടിരിക്കുന്നു, രമേശന്‍ കൂട്ടപ്പെടുവാന്‍ പോകുന്ന വാഹന ഇന്‍ഷൂറന്‍സ് തുകയും കൂടി തന്റെ ലിസ്റ്റിലേയ്ക്കു ചേര്‍ക്കുകയാണ്, അതിനു മുന്‍പ്, ‘ഇരുപത്തിയേഴും പതിനെട്ടും……..’.
അയാള്‍ കാറിനുള്ളിലേയ്ക്കു കയറിയിരുന്നു, പാതിചാരി അമ്മയുടെ മടിത്തട്ടില്‍ കിടക്കുന്ന കുഞ്ഞുരമേശന്‍. അയാള്‍ പതിയെ നടക്കുകയാണു, കരിഞ്ഞു നിലം പൊത്തിയ റബ്ബര്‍മരങ്ങളുടെ നനുത്ത ഇലകള്‍ വിരിച്ച തവിട്ടു പരവതാനിയിലൂടെ. ചെറുമാമലകളില്‍ ചാലുകീറിയ മെലിഞ്ഞുനീണ്ട വലരികളില്‍ കാല്‍കഴുകി, ചിതറിയ കൊന്നപ്പൂവുകളുടെയും വിടര്‍ന്ന കൈതക്കാടുകളുടെയും അപ്പുറത്തുള്ള അയാളുടെ പ്രൈമറി സ്കൂളിലേയ്ക്ക്……. 
-സാജന്‍ ആയത്തമറ്റം